തൃപ്പുണിത്തുറ സ്വദേശിനിയായ പി.എസ്.ശാലു 1998 ഫെബ്രുവരി 7ന് എ.കെ.ശശിയുടെയും ഗീതയുടെയും മകളായി ജനിച്ചു. സെന്റ് മേരീസ് എൽ.പി.എസ്. തൃപ്പുണിത്തുറ, വി.എച്ച്.എസ്.എസ്. ഇരുമ്പനം, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൂത്താട്ടുകുളം ടി.എം.ജേക്കബ്ബ് സ്മാരക ഗവൺമെന്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.
കൈരളി ടിവിയിൽ അസിസ്റ്റന്റ് പ്രോഗ്രാം പ്രൊഡ്യൂസർ ട്രെയ്നിയായി പഠന കാലത്ത് ജോലി ചെയ്തിരുന്നു. പഠനത്തിനു ശേഷം ദേശാഭിമാനിയിൽ കുറച്ചുകാലം പ്രവർത്തിച്ചു. കുട്ടികളുടെ വിനോദ വിജ്ഞാന പരിപാടികൾ സംപ്രേഷണം ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ വിക്ടേഴ്‌സ് ചാനലിൽ അസ്സിസ്റ്റന്റ് ആയും പ്രവർത്തിച്ചു. അതിനുശേഷം തിരുവനന്തപുര ഒരു വർഷം ചില ഓൺലൈൻ മാധ്യമങ്ങളിൽ ജോലി ചെയ്തു.
സങ്കടങ്ങൾ അക്ഷരങ്ങളാക്കി മാറ്റുന്ന പതിവ് കുട്ടിക്കാലത്ത് തുടങ്ങിയതാണ്. അക്ഷരങ്ങളിലൂടെ സങ്കടത്തെ ഇല്ലാതാക്കാനായിരുന്നു ശ്രമം. അത് എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചു. ടെലിവിഷൻ വാർത്തയോട് കുട്ടിക്കാലത്തു തന്നെ തോന്നിയ പ്രണയം കൂടിയായപ്പോൾ മാധ്യമപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഇപ്പോൾ കേരള മീഡിയ അക്കാദമിയിൽ ടി.വി. ജേർണലിസം വിദ്യാർത്ഥിനി.