മികവുറ്റ മാധ്യമപ്രവര്‍ത്തകനും കഴിവുറ്റ കാര്‍ട്ടൂണിസ്റ്റുമാണ് പി.സുജാതന്‍. ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രവേശിച്ച സുജാതന്‍ ഇടയ്‌ക്കെപ്പോഴോ വരകളെ വഴിയിലുപേക്ഷിച്ച് മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി മാറുകയായിരുന്നു. കേരള കൗമുദി പത്രത്തിലും കലാകൗമുദി വാരികയിലും അദ്ദേഹമെഴുതിയ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. പിന്നീട് അദ്ദേഹം വീക്ഷണം പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായി.
മാധ്യമരംഗത്തെ കുലപതികളെക്കുറിച്ച് സുജാതന്‍ എഴുതിയ 'ചരിത്രസാക്ഷികള്‍' എന്ന പുസ്തകം മാധ്യമ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇനി മാധ്യമ മേഖലയിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സാക്ഷ്യപത്രമാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആര്‍ജ്ജിച്ച അനുഭവങ്ങളും അന്വേഷണ തൃഷ്ണമായ മനസ്സും സംഗമിച്ചപ്പോഴുണ്ടായ സംഭാവനയാണ് ഈ പുസ്തകം.