1967ല്‍ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കോട്ടയ്ക്കകം അനിരുദ്ധ വിലാസത്തില്‍ ഭാസ്‌കരന്റെയും തങ്കമ്മയുടെയും മകനായിട്ടാണ് ബി.ചന്ദ്രകുമാറിന്റെ ജനനം. സഹോദരനും ഫോട്ടോഗ്രാഫറുമായ ബി.രാജന്റെ കീഴില്‍ പാര്‍ട്ട് ടൈം ആയി ഫോട്ടോഗ്രഫിയില്‍ തുടക്കം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.കോം. പാസായ ശേഷം 1993ല്‍ പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രഫിക് അസിസ്റ്റന്റായി ചേര്‍ന്നു. 1994ല്‍ മാതൃഭൂമി പത്രത്തിലെത്തി. 2006
വരെ മാതൃഭുമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.
മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബ് പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. സംസ്ഥാന സാഹസിക ഫോട്ടോഗ്രഫി, ഫാം ജേര്‍ണലിസം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഫൊക്കാന തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര ക്രിക്കറ്റ് / ഫുട്‌ബോള്‍ മത്സരങ്ങള്‍ കവര്‍ ചെയ്ത അനുഭവമുള്ളയാളാണ് ചന്ദ്രകുമാര്‍.
12 വര്‍ഷം ആനകളെ പിന്തുടര്‍ന്ന് ഫോട്ടോ ഫീച്ചര്‍ തയ്യാറാക്കി നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'അയണ്‍ ലേഡി ബീഹൈണ്ട് ലെന്‍സ്' എന്ന
ഡോക്യുമെന്ററി നിര്‍മ്മിച്ചു. പല മാധ്യമ പഠന കേന്ദ്രങ്ങളുടെയും ഗസ്റ്റ് ഫാക്കല്‍റ്റിയാണ്. ഇപ്പോള്‍ കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.