തിരുവനന്തപുരം ജില്ലയില്‍ പ്രേമന്‍ നായരുടെയും നിര്‍മ്മലയുടെയും മകനായി 1987ലാണ് ബാലു പ്രേമിന്റെ ജനനം. കുട്ടിക്കാലം മുതല്‍ക്കു തന്നെ സാങ്കേതികവിദ്യയോടുണ്ടായ കമ്പം പില്‍ക്കാലത്ത് ആ മേഖലയില്‍ തന്നെ പഠനം മുന്നോട്ടു നീക്കുന്നതിനു കാരണമായി. ഇലക്ട്രോണിക്‌സില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനു ശേഷം ഐ.ടി.ഐയില്‍ നിന്ന് ഓട്ടോ ഇലക്ട്രിക്കല്‍ ട്രേഡ് വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് സോഷ്യോളജിയില്‍ ബി.എ. ബിരുദവും നേടി.
പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം സാങ്കേതിക മേഖലയില്‍ തന്നെ പലവിധ ജോലികള്‍ ചെയ്തു. ഒരു കൗതുകത്തിനാണ് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തു തുടങ്ങിയത്. താമസിയാതെ അത് ഗൗരവമായി പിന്തുടര്‍ന്നു തുടങ്ങി. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള സൗഹൃദങ്ങള്‍ ഉണ്ടായിരുന്നത് ഈ മേഖലയില്‍ ഉറപ്പിച്ചു നിര്‍ത്തി. മൊബൈലില്‍ നിന്ന് പടം പിടിത്തം ഏറ്റവും ഉയര്‍ന്ന സാങ്കേതികത്തികവുള്ള ക്യാമറകളിലേക്കു മാറി.
യാത്രകള്‍ ബാലുവിന് വളരെ ഇഷ്ടമാണ്. ഈ യാത്രയിലെ ദൃശ്യങ്ങള്‍ ക്യാമറ ലെന്‍സിലൂടെ പിടികൂടി ഓര്‍മ്മച്ചെപ്പിലടയ്ക്കുന്നത് പതിവാക്കിയിരിക്കുന്നു. ചെറുപ്രായത്തിനിടെ ഒട്ടേറെ കാഴ്ചകള്‍ കാണുകയും പകര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം ജഗതി സ്വദേശി.