വാര്‍ത്തയ്ക്ക് തലക്കെട്ട് എഴുതുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പത്രപ്രവര്‍ത്തനം പരിശീലിപ്പിച്ച ആശാന്മാര്‍ എല്ലാം പറഞ്ഞിട്ടുള്ളതാണ്. സംഭവം കലക്കണം. വായനക്കാരെ ഒരു കാന്തം പോലെ വാര്‍ത്തയിലേ വലിച്ചടുപ്പിക്കണം. സംഗതി കൊള്ളാം. പക്ഷേ, നിയമസഭാ വാര്‍ത്തയ്ക്ക് തലക്കെട്ട് എഴുതുമ്പോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ അഴി എണ്ണേണ്ടി വരും. ഒരു ശീര്‍ഷകത്തിന്റെ പേരിലാണ് തെലുങ്ക് ദിനപത്രം ഈനാട് പത്രാധിപര്‍ രാമോജി റാവുവിനെ ആന്ധ്രാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നെട്ടോട്ടമോടിച്ചത്. ബജറ്റ് ചര്‍ച്ചാ വേളയില്‍ കൗണ്‍സിലില്‍ ഉണ്ടായ ബഹളത്തെപ്പറ്റി റിപ്പോര്‍ട്ട്ചെയ്തപ്പോള്‍ ‘മുതിര്‍ന്നവരുടെ ബഹളം’ (പെഡ്ഡല ഗലാബ എന്ന് തെലുങ്കില്‍) എന്നായിരുന്നു തലക്കെട്ട്. ഉപരിസഭകളെ മുതിര്‍ന്നവരുടെ സഭയെന്നാണല്ലോ പറയുക. ഈ പ്രയോഗം സഭയ്ക്ക് അപമാനകരമാണെന്ന് ചില അംഗങ്ങള്‍ക്ക് തോന്നി. പ്രശ്നം അവകാശ സമിതിയ്ക്ക് വിട്ടു. പത്രം തെറ്റു ചെയ്തതായി സമിതി കണ്ടെത്തി. രാമോജി റാവുവിനെ സഭയില്‍ വിളിച്ച് ശാസിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

1984 മാര്‍ച്ച് 28ന്, റാവുവിനെ അറസ്റ്റു ചെയ്ത് സഭയില്‍ ഹാജരാക്കാന്‍ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റാവു സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് അരുത് എന്ന് കോടതി വിലക്കി. കൗണ്‍സിലാവട്ടെ അറസ്റ്റു വാറണ്ട് നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഉറച്ചുനിന്നു. പൊലീസ് കമ്മീഷണര്‍ രാമോജി റാവുവിനെ തേടിയെത്തിയെങ്കിലും കൂടെപ്പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. പ്രശ്നം വഷളായപ്പോള്‍ സുപ്രീം കോടതിയുടെ റഫറന്‍സിന് വിടണമെന്ന് മുഖ്യമന്ത്രി എന്‍.ടി.രാമറാവു രാഷ്ട്രപതിക്ക് എഴുതി. രണ്ട് ദിവസം കഴിഞ്ഞ് സഭ പ്രൊറോഗ് ചെയ്തതോടെ പ്രശ്നം അവസാനിച്ചു.

ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം എന്ന സങ്കല്‍പ്പം തന്നെ ഒരു മിഥ്യയാണ്. ഓരോ പൗരനും സംസാരസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19(1)(എ) വകുപ്പിന്റെ ദുര്‍ബ്ബലമായ അടിത്തറയിലാണ് പത്രസ്വാതന്ത്ര്യം എന്ന കോട്ട കെട്ടിപ്പൊക്കിയിരിക്കുന്നത്. അതുപോലെ 316(എ) അനുച്ഛേദം അനുസരിച്ചും പാര്‍ലമെന്റ് പ്രൊസീഡിംഗ്സ് (പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക്കേഷന്‍) ആക്ട് 1977 പ്രകാരവും നിയമ നിര്‍മ്മാണസഭ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് പൂര്‍ണ്ണമല്ല. സോപാധികമാണ്. 

സഭയുടെ അവകാശം ലംഘിച്ചു എന്ന ആയുധമാണ് രാമോജി റാവുവിനെതിരെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രയോഗിച്ചത്. പത്രസ്വാതന്ത്ര്യത്തിനു മേലെ ഒരു തലമുടി നാരില്‍ തൂങ്ങിക്കിടക്കുന്ന വാളാണ് അവകാശലംഘനത്തിനുള്ള ശിക്ഷാവ്യവസ്ഥ. അതുപൊട്ടി കഴുത്തില്‍ വീഴാന്‍ അരനിമിഷം മതി. എന്നാല്‍, ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അടിത്തറ ശക്തമായതുകൊണ്ട് അത് അങ്ങനെയൊന്നും പൊട്ടാറില്ല എന്ന് മാത്രം. നിയമ നിര്‍മ്മാണ സഭകള്‍ക്കും അംഗങ്ങള്‍ക്കും സഭാ സമിതികള്‍ക്കും ഭരണഘടന ചില പ്രത്യേക അവകാശങ്ങളും സംരക്ഷണങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്. പാര്‍ലമെന്റിന് ഭരണഘടനയുടെ 105-ാം അനുച്ഛേദവും നിയമസഭകള്‍ക്ക് 194-ാം അനുച്ഛേദവും അനുസരിച്ചാണ് ഇത് ലഭിക്കുന്നത്.

ഇന്ത്യയിലെ എല്ലാ പൗരന്മാരും തുല്യരാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ നിയമനിര്‍മ്മാണ സഭകളുടെ സ്വാതന്ത്ര്യവും അധികാരവും അന്തസ്സും പരിരക്ഷിക്കാനാണ് ഈ വ്യവസ്ഥകള്‍. സഭകളിലും അംഗങ്ങളിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് അവരെ സഹായിക്കാന്‍ എന്ന ന്യായം. ഈ അവകാശങ്ങള്‍ ആരും ലംഘിക്കാന്‍ പാടില്ല. സഭയുടെയോ അംഗങ്ങളുടെയോ സഭാ സമിതികളുടെയോ അന്തസ്സ് ഇടിക്കുന്ന ഒരു പ്രവര്‍ത്തിയും അരുത്. മറിച്ചായാല്‍ സഭയ്ക്ക് കുറ്റക്കാരെ ശിക്ഷിക്കാം. ഇത് നിയമനിര്‍മ്മാണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്രലേഖകള്‍ക്കും ബാധകമാണ്. സൂക്ഷിക്കണം, ലക്ഷ്മണ രേഖകള്‍ മറികടക്കരുത്.

ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം എന്ന സങ്കല്‍പ്പം തന്നെ ഒരു മിഥ്യയാണ്. ഓരോ പൗരനും സംസാരസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19(1)(എ) വകുപ്പിന്റെ ദുര്‍ബ്ബലമായ അടിത്തറയിലാണ് പത്രസ്വാതന്ത്ര്യം എന്ന കോട്ട കെട്ടിപ്പൊക്കിയിരിക്കുന്നത്. അതുപോലെ 316(എ) അനുച്ഛേദം അനുസരിച്ചും പാര്‍ലമെന്റ് പ്രൊസീഡിംഗ്സ് (പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക്കേഷന്‍) ആക്ട് 1977 പ്രകാരവും നിയമ നിര്‍മ്മാണസഭ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് പൂര്‍ണ്ണമല്ല. സോപാധികമാണ്. സാധാരണഗതിയില്‍ സഭാനടപടികള്‍ പ്രസിദ്ധീകരിക്കുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും യാതൊരു നിയന്ത്രണമോ തടസ്സമോ ഇല്ല. എന്നാല്‍ സഭാനടപടികളുടെ റിപ്പോര്‍ട്ടിങ് നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള പൂര്‍ണ്ണ അധികാരം കൈയ്യില്‍ വെച്ചുകൊണ്ടാണ് സഭകള്‍ ഈ സ്വാതന്ത്ര്യം അനുവദിക്കുന്നത്. നിരോധനമോ നിയന്ത്രണമോ ലംഘിച്ചാല്‍ ശിക്ഷാവിധേയനാവുകയും ചെയ്യും.

സഭാ നടപടികള്‍ തെറ്റായോ വളച്ചൊടിച്ചോ പ്രസിദ്ധീകരിക്കാന്‍ പാടില്ല. വിദ്വേഷത്തോടെയുള്ള റിപ്പോര്‍ട്ട് അരുത്. സഭയെയോ സഭാംഗങ്ങളെയോ അപകീര്‍ത്തിപ്പെടുത്തരുത്. ഒരു സഭാ സമിതിയുടെ നടപടികളോ അവിടെ വരുന്ന രേഖകളോ തെളിവോ സമിതി റിപ്പോര്‍ട്ടോ അവ സഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. സ്പീക്കര്‍ രേഖകളില്‍ നിന്ന് നീക്കിയ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല. ഒരംഗത്തിന്റെ പ്രസംഗം ബോധപൂര്‍വ്വം തമസ്‌കരിക്കരുത്. ഒക്കെ ശരി തന്നെ. അഭിപ്രായ വ്യത്യാസവുമില്ല. എന്നാല്‍ ഒരു റിപ്പോര്‍ട്ട്, അതില്‍ ഉപയോഗിക്കുന്ന വാക്കുകള്‍, തലക്കെട്ട് ഇവയൊക്കെ സഭയ്ക്ക് / അംഗങ്ങള്‍ക്ക് / സഭാ സമിതിയ്ക്ക് അപകീര്‍ത്തകരമാണെന്നോ അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നോ സഭാ അലക്ഷ്യമാണെന്നോ തീരുമാനിക്കുന്നത് ആരാണ്? സഭ തന്നെ.

കുറ്റം കണ്ടെത്തുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും അന്വേഷണം നടത്തുന്നതും വിസ്തരിക്കുന്നതും വിധി പറയുന്നതും എല്ലാം സഭ. പ്രതിസ്ഥാനത്തുള്ള ആളുകളുടെ ഭാഗം കേള്‍ക്കാതെ തന്നെ തീരുമാനത്തിലെത്താന്‍ സഭയ്ക്ക് അധികാരമുണ്ട്. ശിക്ഷിക്കാനുള്ള അധികാരത്തെ പാര്‍ലമെന്ററി അവകാശങ്ങളുടെ മൂലക്കല്ല് എന്നാണ് വ്യവഹരിക്കുന്നത്. അതില്ലെങ്കില്‍ സഭയുടെ അവകാശങ്ങള്‍ എല്ലാം തകിടം മറിയും. കോടതികള്‍ ഇത് അംഗീകരിച്ചിട്ടുമുണ്ട്. 2003 നവംബര്‍ 7ന് വൈകിട്ട് 5.30 ന് തമിഴ്നാട് നിയമസഭയില്‍, ജയലളിത മന്ത്രിസഭയിലെ ധനമന്ത്രി കൂടിയായ സഭാ നേതാവ് സി.പൊന്നിയന്‍ നടത്തിയ വിധി പ്രഖ്യാപനം മേല്‍പ്പറഞ്ഞ സഭാ അവകാശ വ്യവസ്ഥയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന അപകടം വ്യക്തമാക്കുന്നതാണ്.

ദ് ഹിന്ദു ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ക്കും എഡിറ്റര്‍ അടക്കം നാല് പത്രപ്രവര്‍ത്തകര്‍ക്കും എതിരായ അവകാശ ലംഘന കേസില്‍ സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കുകയായിരുന്നു ധനമന്ത്രി. കുറ്റാരോപിതര്‍ സഭയുടെ അവകാശം ലംഘിച്ചെന്ന് സമിതി കണ്ടെത്തിയതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇവര്‍ക്ക് 15 ദിവസത്തെ വെറും തടവ് ശിക്ഷയും നല്‍കി. ഇന്ത്യന്‍ പത്രസമൂഹത്തെ ഒന്നാകെ ഞെട്ടിച്ച തീരുമാനമായിരുന്നു തമിഴ്നാട് നിയമസഭയുടേത്. പത്രത്തിന്റെ മാനേജിങ് ഡയറക്ടറും പബ്ലിഷറുമായ എസ്.രംഗരാജന്‍, എഡിറ്റര്‍ എന്‍.രവി, എക്സിക്യുട്ടീവ് എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി, അസോസിയേറ്റ് എഡിറ്ററും തമിഴ്നാട് ബ്യൂറോ ചീഫുമായ വി.ജയന്ത്, സ്പെഷല്‍ കറസ്പോണ്ടന്റ് രാധാ വെങ്കിടേശന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ഡി.എം.കെ. പത്രമായ മുരശൊലി പത്രാധിപര്‍ എസ്.സെല്‍വനും ശിക്ഷ കിട്ടി. ആ വര്‍ഷം ഏപ്രില്‍ 12, 13, 23 തീയതികളില്‍ ദ് ഹിന്ദു ദിനപത്രത്തില്‍ സഭാനടപടികള്‍ സംബന്ധിച്ചു വന്ന മൂന്ന് റിപ്പോര്‍ട്ടുകളുടെയും അവയുടെ അടിസ്ഥാനത്തില്‍ 25ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെയും പേരിലായിരുന്നു ശിക്ഷ. ദ് ഹിന്ദു മുഖപ്രസംഗം തര്‍ജ്ജമ ചെയ്ത് പുനഃപ്രസിദ്ധീകരിച്ചതിനാണ് സെല്‍വനെ ശിക്ഷിച്ചത്.

സഭാ നടപടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്ന കാലമാണിത്. സഭയില്‍ ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും അപ്പപ്പോള്‍ പ്രേക്ഷകരില്‍ എത്തുന്ന സാഹചര്യത്തില്‍ പിന്നീട് രേഖയില്‍ നിന്ന് ഒഴിവാക്കുന്ന ഭാഗങ്ങള്‍ പത്രങ്ങളില്‍ വരാന്‍ പാടില്ല എന്ന് ശഠിക്കുന്നതിന്റെ അര്‍ത്ഥവും യുക്തിയും മനസ്സിലാവാത്തതാണ്.

ചില പ്രതിപക്ഷാംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജയലളിതയുടെ പ്രവര്‍ത്തികളെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു ദ് ഹിന്ദു റിപ്പോര്‍ട്ടുകളില്‍. മുഖ്യമന്ത്രിയെ ‘ക്രോധം പൂണ്ട ജയലളിത’ എന്ന് വിശേഷിപ്പിച്ചതും അവരുടെ നടപടികളെ വിവരിക്കാന്‍ ‘പരുഷമായ’ എന്ന പദപ്രയോഗം നടത്തിയതും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ‘പ്രഹരിച്ചു’, ‘അധിക്ഷേപിച്ചു’ എന്നൊക്കെ പറഞ്ഞതും സഭാംഗം എന്ന നിലയില്‍ ജയലളിതയുടെ അവകാശങ്ങളെ ലംഘിക്കുന്നതും ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എഴുതിയ, ‘വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുത’ എന്ന മുഖ പ്രസംഗം സഭയുടെ അന്തസ്സ് ഇടിക്കുന്നതുമാണെന്നായിരുന്നു പരാതി.

സ്പീക്കര്‍ കാളിമുത്തു ഹിന്ദുവിനെതിരെ സ്വമേധയാ നടപടി സ്വീകരിച്ച് അവകാശ സമിതിയ്ക്ക് വിട്ടു. സമിതിയുടെ തീരുമാനമാണ് പൊന്നിയന്‍ സഭയില്‍ പ്രഖ്യാപിച്ചത്. ആരോപണ വിധേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകപോലും ചെയ്യാതെയായിരുന്നു ശിക്ഷാവിധി. നിയമസഭയില്‍ പ്രഖ്യാപനം ഉണ്ടായ ദിവസം വൈകിട്ട് രണ്ട് തവണ പോലീസ് സംഘം ദ് ഹിന്ദുവിന്റെ ചെന്നൈയിലെ ഓഫീസില്‍ ‘പ്രതി’കളെ അറസ്റ്റു ചെയ്യാന്‍ പരിശോധന നടത്തി. അവരുടെ വീടുകളിലുമെത്തി. കണ്ടെത്താനായില്ല. പിറ്റേന്ന് ബംഗളുരുവിലേയ്ക്കും ഡല്‍ഹിയിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു. രാജ്യം എങ്ങും പ്രതിഷേധം ഉയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ പത്ര ഓഫീസിന് കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ സംരക്ഷണം നല്‍കാന്‍ തയ്യാറായി. ഹിന്ദു സുപ്രീം കോടതിയെ സമീപിച്ചു. കോടതി നിയമസഭയുടെ നടപടി സ്റ്റേ ചെയ്തു. പിന്നീട് പൊതുജനാഭിപ്രായം ഭയന്ന് സര്‍ക്കാര്‍ തന്നെ ശിക്ഷാ നടപടി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ പേരിലാണ് ദ് ഹിന്ദു പത്രത്തിനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ നടപടി തീരുമാനിക്കും മുമ്പേ കുറ്റാരോപിതനായ പത്രപ്രവര്‍ത്തകന്റെ സാന്നിധ്യം വിചാരണവേളയില്‍ സഭയില്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ വരെ സഭകള്‍ക്ക് അവകാശമുണ്ട്. ബ്ലിറ്റ്സ് വാര്‍ത്താ വാരികയുടെ ആക്റ്റിങ് എഡിറ്ററായിരുന്ന ഹോമി ഡി മിസ്ട്രി ഈ നിയമം അനുസരിച്ച് തുറുങ്കിലടയ്ക്കപ്പെട്ട പത്രപ്രവര്‍ത്തകനാണ്. സ്പീക്കറുടെ നിക്ഷ്പക്ഷ്തയെ ചോദ്യം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി മിസ്ട്രിക്കെതിരെ യു.പി. വിധാന്‍ സഭ നടപടി എടുത്തു. 1952-ല്‍ ആണ്. മാര്‍ച്ച് 11 ന് വിധാന്‍ സഭാ സ്പീക്കര്‍ വാറണ്ടയച്ചു. ഡി മിസ്ട്രിയെ അറസ്റ്റുചെയ്തു. 18-ാം തീയതി വരെ തടവില്‍ വച്ചു. ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പത്രാധിപരെ മോചിപ്പിച്ചു. പത്രസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നില്ല കോടതി നടപടി. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കാതിരുന്നതിന്റെ പേരിലായിരുന്നു. നിയമ വിരുദ്ധമായ അറസ്റ്റിന് നഷ്ടപരിഹാരം ചോദിച്ച് ഹോമി ഡി മിസ്ട്രി ബോംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനം അനുകൂലമായിരുന്നില്ല.

രേഖയില്‍ നിന്ന് നീക്കിയ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അവകാശലംഘനമാണ്. ഏതെങ്കിലും പരാമര്‍ശനങ്ങള്‍ രേഖയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അത് അറിഞ്ഞ് റിപ്പോര്‍ട്ടില്‍ വരാതെ സൂക്ഷിക്കേണ്ടത് ലേഖകന്റെ ഉത്തരവാദിത്വമാണ്. തര്‍ക്കഭാഗങ്ങള്‍ സ്പീക്കര്‍ക്ക് സ്വമേധയാ നീക്കാം, മറ്റൊരംഗത്തിന്റെ ആവശ്യപ്രകാരവുമാകാം. പലപ്പോഴും ചില നടപടികള്‍ രേഖയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉണ്ടായാല്‍ അപ്പോള്‍ തന്നെ തീരുമാനമുണ്ടാവണമെന്നില്ല. പിന്നീടെപ്പോഴെങ്കിലുമായിരിക്കും. ആവശ്യം ഉയര്‍ന്നപ്പോള്‍ സഭയിലുണ്ടായിരുന്ന ലേഖകന്‍ തീരുമാനസമയത്ത് ഹാജരായിരിക്കണമെന്നുമില്ല. എങ്കിലും അങ്ങനെ ഒഴിവാക്കപ്പെടുന്ന ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ വരാതെ നോക്കേണ്ട ബാദ്ധ്യത ലേഖകന്റേതാണ്. സഭാ നടപടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്ന കാലമാണിത്. സഭയില്‍ ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും അപ്പപ്പോള്‍ പ്രേക്ഷകരില്‍ എത്തുന്ന സാഹചര്യത്തില്‍ പിന്നീട് രേഖയില്‍ നിന്ന് ഒഴിവാക്കുന്ന ഭാഗങ്ങള്‍ പത്രങ്ങളില്‍ വരാന്‍ പാടില്ല എന്ന് ശഠിക്കുന്നതിന്റെ അര്‍ത്ഥവും യുക്തിയും മനസ്സിലാവാത്തതാണ്.

അതത് സഭകളുടെ മിനി പതിപ്പുകളായാണ് സഭാ സമിതികള്‍ അറിയപ്പെടുന്നത്. സഭ, കമ്മിറ്റികളിലൂടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ, സമിതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല. മാധ്യമപ്രവര്‍ത്തകര്‍ ആ ഭാഗത്തേയ്ക്ക് കടക്കാന്‍ പോലും പാടില്ല. സമിതി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വെച്ചാല്‍ മാത്രമെ അത് പ്രസിദ്ധീകരിക്കാനാവൂ. അറിയാനുള്ള അവകാശം നിയമപരമാക്കിയിരിക്കുന്ന ഇക്കാലത്ത് സഭാ സമിതികളുടെ പ്രവര്‍ത്തനം ഇരുമ്പുമറ കെട്ടി കാണാമറയത്ത് ഒളിപ്പിക്കുന്നതിന്റെ അര്‍ത്ഥം എന്താണ്? സമിതികളില്‍ എന്ത് നടക്കുന്നു എന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ ഏത് സഭാ അവകാശമാണ് ഇല്ലാതാവുക?

സഭാംഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിരക്ഷ മൗലികാവകാശങ്ങളില്‍ പ്രധാനമായ തുല്യാവകാശത്തിന്റെ ലംഘനമായി പരിണമിക്കാറുണ്ട്. അതിന്റെ വ്യാഖ്യാനങ്ങള്‍ തര്‍ക്ക വിഷയവുമാണ്. കോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. 1964 മാര്‍ച്ചില്‍ ഉത്തരപ്രദേശ് നിയമസഭ കേശവ് സിങ് എന്നയാളിനെതിരെ എടുത്ത നടപടിയും തുടര്‍ന്നുണ്ടായ കോടതി ഇടപെടലും ഇതിന് ഉദാഹരണമാണ്. കേശവ് സിങ് പ്രസിദ്ധീകരിച്ച ലഘുലേഖ യു.പി. നിയമസഭയിലെ ഒരു അംഗത്തിന് ആക്ഷേപകരമാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ സഭ സിങ്ങിനെ ഒരാഴ്ചത്തെ തടവിന് ശിക്ഷിച്ചു. സഭയുടെയും അംഗത്തിന്റെ അവകാശം ലംഘിച്ചു എന്ന് പറഞ്ഞായിരുന്നു ശിക്ഷ.

കേശവ് സിങ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിനെ സമീപിച്ചു. തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. രണ്ടംഗ ബെഞ്ച് കേശവ് സിങ്ങിന് ജാമ്യം അനുവദിച്ചു. നിയമസഭ വിട്ടില്ല. കേശവ് സിങ്ങും അദ്ദേഹത്തിന്റെ അഭിഭാഷകരും ജാമ്യം നല്‍കിയ രണ്ട് ഹൈക്കോടതി ജഡ്ജിമാരും സഭയോട് അവഹേളനം കാട്ടി എന്ന് പറഞ്ഞ് ഇവരെ അറസ്റ്റു ചെയ്ത് സഭയില്‍ ഹാജരാക്കാന്‍ ഉത്തരവായി. എതിര്‍ കക്ഷികള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. നിയമസഭാ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനിര്‍മ്മാണ സഭയും കോടതിയും തമ്മിലുള്ള സംഘര്‍ഷം ഇത്രകണ്ട് രൂക്ഷമായപ്പോള്‍ രാഷ്ട്രപതിയ്ക്ക് ഇടപെടേണ്ടി വന്നു. അദ്ദേഹം പ്രശ്നം സുപ്രീം കോടതിയുടെ റഫറന്‍സിന് വിട്ടു.

സഭാ അവകാശം സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ മാറ്റം വരേണ്ടതാണ്. പലതും കാലഹരണപ്പെട്ടതല്ലേയെന്ന് ചിന്തിച്ചുതുടങ്ങേണ്ടത് ലെജിസ്ലേച്ചര്‍ തന്നെയാണ്. നിയമനിര്‍മ്മാണ സഭകളോട് ഉത്തരവാദിത്വമില്ലാത്ത എക്സിക്യൂട്ടീവില്‍ നിന്ന് സഭയ്ക്കും സഭാംഗങ്ങള്‍ക്കും സംരക്ഷണം വേണ്ടിയിരുന്ന കാലത്ത് ഉണ്ടാക്കിയ വ്യവസ്ഥകള്‍ ഇന്ന് അതേപടി നിലനിര്‍ത്തേണ്ടതുണ്ടോ?

ചീഫ് ജസ്റ്റീസ് പി.ബി.ഗജേന്ദ്ര ഗാഡ്കറുടെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് അത് പരിഗണിച്ചു. കോടതി വിധി ചരിത്രപ്രധാനമായിരുന്നു. ഭരണഘടനയില്‍ സ്റ്റേറ്റ് എന്നുപറയുന്നതില്‍ സംസ്ഥാന നിയമസഭകളും ഉള്‍പ്പെടുന്നതിനാല്‍ ഭരണഘടനയുടെ 226(1) അനുച്ഛേദ പ്രകാരം കോടതിക്ക് ലഭിച്ചിട്ടുള്ള അധികാരങ്ങള്‍ സംസ്ഥാന നിയമസഭകള്‍ക്കു നേരെയും പ്രയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. നിയമസഭകള്‍ക്കും അംഗങ്ങള്‍ക്കും പ്രത്യേക അവകാശങ്ങളും പരിരക്ഷയും ഉറപ്പാക്കുന്ന 194(3)-ാം അനുച്ഛേദം വ്യാഖ്യാനിക്കാന്‍ ജുഡീഷ്യറിക്ക് പൂര്‍ണ്ണ അധികാരമുണ്ട് എന്ന് നിരീക്ഷിച്ച കോടതി ശിക്ഷ വിധിക്കാനുള്ള ലെജിസ്ലേച്ചറിന്റെ അധികാരം അതീവ ജാഗ്രതയോടെ വേണം ഉപയോഗിക്കാന്‍ എന്നും പറഞ്ഞു. ആ പ്രത്യേക അവകാശങ്ങള്‍ സംബന്ധിച്ച അന്തിമ വിധികര്‍ത്താക്കള്‍ നിയമനിര്‍മ്മാണ സഭകള്‍ അല്ല. ഭരണഘടനയ്ക്കാണ് പരമാധികാരമെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.

സഭാ അവകാശം സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ മാറ്റം വരേണ്ടതാണ്. പലതും കാലഹരണപ്പെട്ടതല്ലേയെന്ന് ചിന്തിച്ചുതുടങ്ങേണ്ടത് ലെജിസ്ലേച്ചര്‍ തന്നെയാണ്. നിയമനിര്‍മ്മാണ സഭകളോട് ഉത്തരവാദിത്വമില്ലാത്ത എക്സിക്യൂട്ടീവില്‍ നിന്ന് സഭയ്ക്കും സഭാംഗങ്ങള്‍ക്കും സംരക്ഷണം വേണ്ടിയിരുന്ന കാലത്ത് ഉണ്ടാക്കിയ വ്യവസ്ഥകള്‍ ഇന്ന് അതേപടി നിലനിര്‍ത്തേണ്ടതുണ്ടോ? സഭാംഗങ്ങള്‍ക്ക് അറസ്റ്റില്‍ നിന്ന് പരിരക്ഷയ്ക്കുള്ള അവകാശം നോക്കുക. സഭ നടന്നുകൊണ്ടിരിക്കെ അംഗത്തെ സിവില്‍ കേസില്‍ അറസ്റ്റു ചെയ്യാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. സഭ തുടങ്ങുന്നതിന് 40 ദിവസം മുമ്പും സഭ തീര്‍ന്ന് 40 ദിവസം കഴിയും മുമ്പും അറസ്റ്റ് അരുത്. ഈ 40 ദിവസത്തിന്റെ കണക്ക് രസകരമാണ്. ബ്രിട്ടീഷ് രാജാവിന് അനഭിമതരായ പാര്‍ലമെന്റ് അംഗങ്ങളുടെ സാന്നിധ്യം കോമണ്‍സ് സഭയില്‍ ഒഴിവാക്കാന്‍ അവരെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുന്ന തന്ത്രം പണ്ട് ഇംഗ്ലണ്ടിലുണ്ടായിരുന്നു. അത് ഒഴിവാക്കാനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. രാജ്യത്തിന്റെ വിദൂരസ്ഥലങ്ങളില്‍ നിന്ന് കുതിരപ്പുറത്ത് ലണ്ടനില്‍ എത്താന്‍ വേണ്ടിയുള്ള സമയം കണക്കാക്കിയാണ് 40 ദിവസം എന്ന് നിജപ്പെടുത്തിയത്. സഭയില്‍ എത്താന്‍ 40 മണിക്കൂറുപോലും വേണ്ടാത്ത ഇന്നും ഈ കീഴ്വഴക്കം നിലനില്‍ക്കുന്നു, ഇന്ത്യയിലും.

കുറ്റം ചാര്‍ത്താനും വിസ്തരിക്കാനും വിധിക്കാനുമുള്ള അവകാശങ്ങള്‍ നിയമനിര്‍മ്മാണ സഭ തന്നെ കൈയാളുന്നതിലെ യുക്തിയും വീണ്ടുവിചാരം ആവശ്യപ്പെടുന്നതാണ്. ഒരാള്‍ കുറ്റക്കാരനോ എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം കോടതികള്‍ക്ക് വിട്ട് കൊടുത്തു കൂടേ?
ഇരുതല മൂര്‍ച്ചയുടെ വാളാണിത്. പക്ഷേ അത് എടുത്ത് വിവേചനമില്ലാതെ മാധ്യമങ്ങള്‍ക്ക് നേരെ വീശാറില്ല എന്നേയുള്ളൂ. കേരളത്തില്‍ തന്നെ രണ്ട് തവണ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി വന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ ജാഗ്രതയാണ് ഇതിന് കാരണം. പക്ഷേ, ഹിന്ദുവിനും ഈനാടിനും എതിരെ ഉണ്ടായ നടപടികള്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങളായി നമ്മുടെ മുമ്പില്‍ നില്‍ക്കുകയും ചെയ്യുന്നു.

Sunnykutty Abraham

COMMENT