“എന്റെ നെഞ്ചാകെ നീയല്ലേ..”
അമ്പിളി കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തോന്നിയ വികാരത്തെ ഈ വരികളാൽ തന്നെ വർണ്ണിക്കാം. കുസൃതിയും കുറുമ്പും നിഷ്കളങ്കതയും തുളുമ്പുന്ന സ്നേഹത്തിന്റെ നിറകുടമായിരുന്നു ജോൺപോൾ ജോർജ്ജിന്റെ സൃഷ്ടിയിൽ ജന്മമെടുത്ത ഈ കുഞ്ഞമ്പിളി. സമീപകാല സിനിമകളിൽ കഥാപാത്ര സൃഷ്ടിയുടെ ഏറ്റവും സൗന്ദര്യം നിറഞ്ഞ ഉദാഹരണമായി കാണാവുന്ന സൃഷ്ടിയാണ് ‘അമ്പിളി’.
അമ്പിളി എന്ന കഥാപാത്രമായി അദ്ദേഹം സിനിമയിലുടനീളം പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കുന്നുണ്ട്. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രണയിനിക്കുമെല്ലാം സ്നേഹവും സന്തോഷവും മാത്രം നൽകുന്ന അമ്പിളി എന്ന ചെറുപ്പക്കാരൻ സ്വന്തം നാട്ടുകാരാൽതന്നെ പറ്റിക്കപ്പെടുന്നവനാണ്.
കഥാപാത്ര വികാസം സിനിമയിലുടനീളം നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ആകർഷകമായ ഘടകം. സൗബിൻ ഷാഹിർ എന്ന നടനെ ഒരിക്കൽപോലും അമ്പിളിയിൽ കാണാനായില്ല. അമ്പിളി എന്ന കഥാപാത്രമായി അദ്ദേഹം സിനിമയിലുടനീളം പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കുന്നുണ്ട്. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രണയിനിക്കുമെല്ലാം സ്നേഹവും സന്തോഷവും മാത്രം നൽകുന്ന അമ്പിളി എന്ന ചെറുപ്പക്കാരൻ സ്വന്തം നാട്ടുകാരാൽതന്നെ പറ്റിക്കപ്പെടുന്നവനാണ്. എന്നാൽ, അവനെ എല്ലാം മറന്നു സ്നേഹിക്കുവാൻ ഒരു പെൺകുട്ടിയുണ്ട്- അവന്റെ കളിക്കൂട്ടുകാരിയായ ടീന.
കൂട്ടുകാരികൾ അമ്പിളിയുമായുള്ള ബന്ധം നിർത്തുവാൻ ഉപദേശിക്കുമ്പോൾ, അവളുടെ വ്യത്യസ്തമായ കാഴ്ചപ്പാട് ഇങ്ങനെയാണ്: “അവനെ ഇപ്പൊ എല്ലാവരും പറ്റിച്ചുകൊണ്ടിരിക്കുവാ. എല്ലാവരും അവനെ പരമാവധി മുതലാക്കുന്നുണ്ട്. നിങ്ങളൊക്കെ കാമുകന്മാരോട് ചെയ്യുന്നപോലെ ഞാനും അവനെ പറ്റിച്ചാൽ, അത് ഞാൻ അവനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപ്പോകും. അവൻ ആ നാട്ടിൽ ഇതുപോലെത്തന്നെ ഒരു വിലയുമില്ലാതെ ജീവിക്കേണ്ടിവരും. ഞാൻ അവനെ കല്യാണം കഴിച്ചാൽ, നാട്ടുകാർക്കെല്ലാം അവനോട് ഒരു മതിപ്പു തോന്നും. അവനെ എല്ലാവരും അംഗീകരിക്കും. പിന്നെ ആരും അവനെ പറ്റിക്കില്ല.” ടീന എന്ന യുവതിയുടെ കഥാപാത്രം ഈ ഒരൊറ്റ സീനിലൂടെ പൂർണ്ണമാകുന്നുണ്ട്. അമ്പിളിയെ ജീവിതത്തിന്റെ ഒരു ഭാഗമാക്കുക എന്നതിലുപരി, അവനെ എല്ലാവരും മതിക്കുന്ന ഒരു പുരുഷനാക്കാനും അവൾ ആഗ്രഹിക്കുന്നു.
തന്നെ കാണാൻ ഡൽഹി വരെ ഒറ്റയ്ക്ക് വന്നിട്ടുള്ള ഐറ്റമാണ് ഇത് എന്ന് ടീന പറയുമ്പോൾ, അമ്പിളി എന്ന കുട്ടിത്തം നിറഞ്ഞ കുഞ്ഞൻ കഥാപാത്രം പ്രേക്ഷകനിൽ നിറയ്ക്കുന്ന ആകാംഷ വളരെ വലുതാണ്!
എന്നാൽ, അമ്പിളി എന്ന കഥാപാത്രത്തെ സിനിമയിലുടനീളം പലതരത്തിൽ സംവിധായകൻ രൂപപ്പെടുത്തിയിട്ടുണ്ട്. പിള്ളേരെ വെറുതെ ചൊറിയുന്ന പാൽക്കാരൻ പയ്യന്റെ ക്യാനിന്റെ പൈപ്പ് തുറന്നുവിടുന്നതിൽ തുടങ്ങി, സിനിമയുടെ അവസാനം തന്റെ കുട്ടിക്കാലം വർണ്ണാഭമാക്കിയ വീട്ടിനു മുന്നിലിരുന്ന് ഗൃഹാതുരത്വവും സന്തോഷവും സങ്കടവും നിറഞ്ഞ, ചിരിയും കരച്ചിലും ഇഴുകിച്ചേരുന്ന വികാരപ്രകടനം വരെ എത്തിനിൽക്കുന്നു ഈ പാത്രസൃഷ്ടി.
സൈക്ലിങ്ങിൽ നേട്ടങ്ങൾ കൊയ്തെടുത്ത ബോബിക്കുട്ടന് സ്വീകരണമൊരുക്കാനുള്ള ചെലവ് മറ്റാരും എടുക്കുവാൻ അമ്പിളി സമ്മതിക്കുന്നില്ല. ഇതിനു കാരണം ടീനയുടെ അനുജനായ ബോബിക്കുട്ടന് ഏറ്റവുമിഷ്ടം തന്നെയാണ് എന്ന അമ്പിളിയുടെ ധാരണ തന്നെ. ആ ബോബിയുടെ തന്നെ ഇടി കൊണ്ട് അവശനാകുമ്പോഴും, ഒരുതരിപോലും വെറുപ്പ് അവന്റെ മനസ്സിൽ തോന്നുന്നില്ല. ഹിമാലയത്തിലേക്കുള്ള ബോബിയുടെ സൈക്കിൾ യാത്രയിൽ ഒരു ഹെർക്കുലീസുമെടുത്ത് അവനെ പിന്തുടരുന്നതിൽത്തന്നെ അമ്പിളിയുടെ നിഷ്കളങ്കത നമുക്ക് കാണാനാകും. തന്നെ കാണാൻ ഡൽഹി വരെ ഒറ്റയ്ക്ക് വന്നിട്ടുള്ള ഐറ്റമാണ് ഇത് എന്ന് ടീന പറയുമ്പോൾ, അമ്പിളി എന്ന കുട്ടിത്തം നിറഞ്ഞ കുഞ്ഞൻ കഥാപാത്രം പ്രേക്ഷകനിൽ നിറയ്ക്കുന്ന ആകാംഷ വളരെ വലുതാണ്!
തന്റെ ജീവിതത്തിലെ പൊന്നമ്പിളിവെളിച്ചത്തെ ബോബി തിരിച്ചറിഞ്ഞപ്പോൾ, സിനിമ കണ്ടിറങ്ങിയത് അമ്പിളിയെ പോലെ ഒരു സഹോദരനെ ആശിച്ചുകൊണ്ടാണ്. സ്നേഹിക്കപ്പെടുവാനും, സ്നേഹംകൊണ്ട് മൂടാനും ഒരു കുഞ്ഞമ്പിളി ഉണ്ടായെങ്കിൽ എന്നാശിച്ച്..