വിശാലമായ സെര്‍ച്ച് ഫലങ്ങള്‍ക്കിടയില്‍ നിന്ന് നമുക്ക് ആവശ്യമായവ കണ്ടെടുക്കാന്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയ അരിപ്പ സംവിധാനമാണ് അഡ്വാന്‍സ്ഡ് സെര്‍ച്ച്. സമാനമായ സംവിധാനങ്ങള്‍ പ്രമുഖ സെര്‍ച്ച് എന്‍ജിനുകള്‍ക്കെല്ലാമുണ്ട്. ക്രോം ബ്രൗസറിലാണ് സെര്‍ച്ച് ചെയ്യുന്നതെങ്കില്‍ വലതുഭാഗത്തുള്ള സെറ്റിങ്‌സ് മെനുവില്‍ നിന്നും അഡ്വാന്‍സ്ഡ് സെര്‍ച്ച് ഓപ്ഷനിലെത്താം. ചില ബ്രൗസറുകളില്‍ ഇടതുഭാഗത്ത് താഴെ more search tools എന്ന ലിങ്കില്‍ നിന്നും ചില ഓപ്ഷനുകള്‍ ലഭിക്കും. കൃത്യമായ ഉത്തരം ലഭിക്കാന്‍ വ്യക്തമായതും കുറിക്കു കൊള്ളുന്നതുമായ കീവേഡുകള്‍ ഉപയോഗിക്കുകയാണ് നമ്മള്‍ ചെയ്യാറുള്ളത്. കീവേഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സെര്‍ച്ച് ഫലത്തിന്റെ കൃത്യത വര്‍ദ്ധിക്കും. എന്നാല്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച് പേജിലൂടെ കൂടുതല്‍ എളുപ്പത്തില്‍ ലക്ഷ്യം കാണാം.
കീവേഡിനു പുറമേ ചില സെര്‍ച്ച് ഫലം അരിച്ചെടുക്കാന്‍ സെര്‍ച്ച് എന്‍ജിന് ചില നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അഡ്വാന്‍സ്ഡ് സെര്‍ച്ച് തയ്യാറാക്കിയിരിക്കുന്നത്. ലഭിക്കാനിരിക്കുന്ന പേജുകള്‍ നീണ്ട വന്‍ ശേഖരത്തില്‍ നിന്ന് ചില കാര്യങ്ങള്‍ എടുത്തു കളഞ്ഞും, ചിലത് നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കിയുമൊക്കെ ഫലം കൂടുതല്‍ കൃത്യമാക്കാനാണ് ഗൂഗിള്‍ ഈ വിദ്യ രംഗത്തിറക്കിയത്. ഗൂഗിള്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച് പേജില്‍ പോയാല്‍ താഴെ പറയുന്ന ഓപ്ഷനുകള്‍ കാണാം.
-
- കൃത്യമായ വാക്കുകളോ വാചകമോ അടങ്ങിയവ (this exact word or phrase)
- ഈ വാക്കുകളിലേതെങ്കിലും അടങ്ങിയവ (any of these words)
- സെര്‍ച്ച് ഫലത്തില്‍ വരരുതാത്ത വാക്കുകള്‍ (none of these words)
- രണ്ട് സംഖ്യകള്‍ക്ക് ഇടക്കുള്ളത് തിരഞ്ഞെടുക്കാം
- ഭാഷ (language:)
- രാജ്യം(region:)
- എത്ര കാലത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചത് (last update:)
- ഉള്ളടക്കമുള്ള വെബ്‌സൈറ്റിന്റെ പേര് (site or domain:)
- കീവേഡ് തലക്കെട്ടിലോ വെബ്‌സൈറ്റ് അഡ്രസ്സിലോ ഉള്ളടക്കത്തിലോ എവിടെയെന്ന് (terms appearing:)
- മുതിര്‍ന്നവര്‍ക്കുമാത്രമുള്ള ഉള്ളടക്കങ്ങള്‍ ഒഴിവാക്കാം, മുഴുവനായോ ചെറിയ തോതിലോ ഉള്‍പ്പെടുത്താം (Safe Search:)
- ഏത് തരം ഫയല്‍ വിഭാഗം (ഉദാ: Pdf, Doc)
അഡ്വാന്‍സ്ഡ് സെര്‍ച്ചിലെ ഈ നിബന്ധനകളില്‍ ആവശ്യമുള്ളവ തിരഞ്ഞെടുത്ത് സെര്‍ച്ച് റിസള്‍ട്ട് കൂടുതല്‍ കൃത്യമാക്കാം.
സെര്‍ച്ച് ബോക്‌സില്‍ ഇനിയുമുണ്ട് സെര്‍ച്ച് ഫലങ്ങള്‍ കൂടുതല്‍ കൃത്യമാക്കാനുള്ള ഉപകരണങ്ങള്‍. റിസള്‍ട്ട് പേജില്‍ സെര്‍ച്ച് ബോക്‌സിനു തൊട്ടു താഴെ കൂടുതല്‍ സെര്‍ച്ച് ടൂള്‍സില്‍ കൂടുതല്‍ ഓപ്ഷനുകളുണ്ട്. ചില ബ്രൗസറുകളില്‍ സൈഡ് ബാറിലും ഇവ ലഭിക്കും.
Location – സെര്‍ച്ച് ടൂള്‍സില്‍ ക്ലിക്കു ചെയ്താല്‍ മറ്റ് ഓപ്ഷനുകള്‍ക്കൊപ്പം നമ്മള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം ഗൂഗിള്‍ ഇതിനകം കണ്ടുപിടിച്ച് രേഖപ്പെടുത്തിയിരിക്കും. ഇത്തരം ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി നോക്കിയാണ് ഗൂഗിള്‍ സെര്‍ച്ച് രൂപപ്പെടുത്തിയത് എന്ന് നേരത്തെ പറഞ്ഞു. സ്ഥലവും സംസ്ഥാനവും രേഖപ്പെടുത്തിയതിന് താഴെയുള്ള ബോക്ലില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലം ചേര്‍ക്കാം. പുതിയ സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ന്നുള്ള ഫലങ്ങള്‍ വരിക. പ്രാദേശകമായ വ്യത്യാസം ഇങ്ങനെ ഇല്ലാതാക്കാം. ഗൂഗിളിന്റെ ഇന്ത്യന്‍ പതിപ്പായ google.co.in ലേ ഈ സൗകര്യം ലഭിക്കൂ. The Web / Pages from India എന്ന ഓപ്ഷനില്‍ ഇന്ത്യയില്‍ നിന്നുള്ള പേജുകള്‍ മാത്രമെന്നോ, വെബ്ബിലെ എല്ലാ ഫലങ്ങളുമെന്നോ തിരഞ്ഞെടുക്കാം.
Reading level – സെര്‍ച്ച് ബോക്‌സിനു താഴെall result ല്‍ ക്ലിക്കു ചെയ്താല്‍ റീഡിങ് ലവല്‍ എന്ന ഓപ്ഷന്‍ കിട്ടും. ഇന്റര്‍നെറ്റിലെ വായനക്കാരെ മൂന്നുതരമായി തിരിച്ച് അവര്‍ക്കുവേണ്ടിയുള്ള ഫലങ്ങള്‍ ലിസ്റ്റ് ചെയ്യുന്ന ഗൂഗിളിന്റെ സംവിധാനമാണിത്. സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അതേ നിലവാരത്തിലുള്ള ഉപയോക്താക്കള്‍ക്കും വേണ്ടിയാണ് basic level. ശാസ്ത്രജ്ഞന്‍മാര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് advanced level; ഇടക്കുള്ളത് intermediate. Reading level ല്‍ ക്ലിക്കു ചെയ്താല്‍ സെര്‍ച്ച് ഫലത്തിന്റെ എത്ര ശതമാനം വീതം ഓരോ കാറ്റഗറിയിലുമുണ്ടെന്ന് ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് ഓരോ ലിങ്കിലും ക്ലിക്കു ചെയ്ത് വേണ്ട കാറ്റഗറി തിരഞ്ഞെടുക്കാം.
Translated foreign pages -മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഏറെ പ്രയോജനകരമായ സംവിധാനമാണിത്. സെഡ്ബാറില്‍ തന്നെയുള്ള ഈ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനത്തിലൂടെ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത ഇതര ഭാഷകളിലെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഇവിടെ ലഭിക്കും.
Verbatim -സ്‌പെല്ലിങ് കറക്ഷന്‍, സമാന പദങ്ങളുടെ സെര്‍ച്ച് ഫലങ്ങള്‍ തുടങ്ങിയ ഇതരമേഖലകളിലേക്ക് കടക്കാതെ നമ്മള്‍ നല്‍കിയ വാക്ക് അതേപടി ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുള്ള സംവിധാനമാണിത്. സൈഡ് ബാറിലാണ് ഈ ലിങ്കുമുള്ളത്. പ്രാദേശിക പദങ്ങളും ഇംഗ്ലീഷ് ഡിക്ഷ്ണറികള്‍ക്ക് പരിചയമില്ലാത്ത സവിശേഷ പദങ്ങളുമൊക്കെ ഇങ്ങനെ സെര്‍ച്ച് ചെയ്യാം.
മറ്റ് ഓപ്ഷനുകള്‍ ഇവയാണ്
All results -എല്ലാ ഫലങ്ങളും
Sites with images ‑ഒപ്പം ചിത്രങ്ങളുള്ള ഫലങ്ങള്‍
Visited pages -ഒരിക്കല്‍ സന്ദര്‍ശിച്ച പേജുകള്‍
Not yet visited -ഇതുവരെ സന്ദര്‍ശിക്കാത്ത പുതിയവ
Dictionary -ഡിക്ഷണറി
ചില പൊടിക്കൈകള്‍
എന്നാല്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച് പേജില്‍ പോകാതെ തന്നെ സെര്‍ച്ച് ഫലങ്ങള്‍ അരിച്ചെടുക്കാന്‍ ചില്ലറ പൊടിക്കൈകളുണ്ട്.
- പാരീസിലെ ഹില്‍ട്ടണ്‍ എന്ന ഹോട്ടലിനേക്കുറിച്ചാണ് നമുക്ക് സെര്‍ച്ച് ചെയ്യേണ്ടതെങ്കില്‍ സ്വാഭാവികമായും Paris Hilton എന്നായിരിക്കും നമ്മള്‍ നല്‍കുക. നമുക്കറിയാം സ്വാഭാവികമായും സെര്‍ച്ച് റിസള്‍ട്ട് പാരിസ് ഹില്‍ട്ടണ്‍ എന്ന ഹോളിവുഡ് നടിയേക്കുറിച്ചായിരിക്കുമെന്ന്. അത്ര പ്രധാനമല്ലാത്തിനാല്‍ ഹില്‍ട്ടണ്‍ ഹോട്ടലിനേക്കുറിച്ചുള്ള വിവരങ്ങള്‍ അവസാന പേജുകളിലെവിടെയെങ്കിലും ഒളിച്ചിരിക്കുകയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കീവേഡുകളുടെ തിരഞ്ഞെടുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെ Paris Hiltonന് ഒപ്പം Hotel എന്നു കൂടി സെര്‍ച്ചു ചെയ്താല്‍ ഹോട്ടലിനേക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ലഭിക്കും.
- we are all khalid said എന്ന അറബ് സമരകാലത്ത് ഈജിപ്തിലുയര്‍ന്ന മുദ്രാവാക്യത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ക്ഷം ഈ വാക്യമുള്ള പേജുകള്‍ മാത്രം കണ്ടെത്തുക എന്നതാണ്. അതിന് “we are all khalid said” എന്ന് ഡബിള്‍ ക്വട്ടേഷനുപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ മതി. അങ്ങനെയാകുമ്പോള്‍ ഈ വാചകം ഇതുപോലെ വന്നിട്ടുള്ള വെബ് പേജുകള്‍ മാത്രമേ ലിസ്റ്റ് ചെയ്യുകയുള്ളൂ. അതേസമയം വാക്കുകള്‍ ഇതേ ക്രമത്തില്‍ വരാത്ത വിവരങ്ങള്‍ ഒഴിവാക്കപ്പെടും.
- ജാഗ്വാര്‍ എന്ന പുലിയുടെ വേഗതയേക്കുറിച്ചാണ് സെര്‍ച്ച് ചെയ്യേണ്ടതെങ്കില്‍ സ്വാഭാവികമായും നമ്മള്‍ jaguar speed എന്നാവും കീവേഡ് നല്‍കുക. പക്ഷേ ലോകപ്രശസ്തമായ ജാഗ്വാര്‍ എന്ന ബ്രാന്‍ഡിലുള്ള കാറുകളുടെ വേഗതയാകും സെര്‍ച്ച് ഫലത്തില്‍ ഭൂരിപക്ഷവും. അതിനിടക്കുനിന്ന് വേണ്ടത് കണ്ടെത്താന്‍ വിഷമിക്കും. അതിന് jaguar speed -car എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. അതായത് കാറുകളല്ലാത്ത ജാഗ്വാറിന്റെ വേഗത എന്നര്‍ത്ഥം. വാക്കുകള്‍ക്ക് ശേഷം ‘-‘ ഇടുന്നതിനു മുമ്പ് ഒരു സ്‌പേസ് നിര്‍ബന്ധമാണ്. മൈനസ് ചിഹ്നത്തെ ഹൈഫണായി തെറ്റിദ്ധരിക്കാനാണിത്.
- ഇനി ഒരു കീവേഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ കൃത്യമായി ആ പദം മാത്രമല്ല, അതിന്റെ സമാന പദങ്ങളുപയോഗിച്ച് കൂടി സെര്‍ച്ച് ചെയ്യണമെങ്കില്‍ ‘~’ ചിഹ്നമുപയോഗിച്ചാല്‍ മതി. അതായത് ~aeroplane എന്ന് സെര്‍ച്ച് ചെയ്താല്‍ aeroplaneനു പുറമേ എയര്‍ക്രാഫ്റ്റും ജെറ്റുമുള്‍പ്പെടെയുള്ള വിമാനങ്ങളേക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിക്കും.
- olympics‑നേക്കുറിച്ച് ഒരു പ്രത്യേക സൈറ്റില്‍ നിന്നുള്ള വിവരങ്ങളാണ് വേണ്ടതെങ്കില്‍ ‑olympics site: ശേഷം സ്‌പേസ് ഇടാതെ വെബ്‌സൈറ്റിന്റെ പേരു കൊടുത്താല്‍ മതി. ന്യൂയോര്‍ക്ക് ടൈംസിലെ വിവരങ്ങളാണ് വേണ്ടതെങ്കില്‍ olymipcs site: nytimes.com എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക. ന്യൂയോര്‍ക്ക് ടൈംസ് വെബ്‌സൈറ്റില്‍ നിന്നുള്ള ഒളിംപിക്‌സിനേക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം കിട്ടും. സൈറ്റിന്റെ പേരിനു പകരം .org പോലുള്ള ഏതെങ്കിലും ഡൊമെയിനിലുള്ള സൈറ്റില്‍ നിന്നുള്ളവ മാത്രം മതിയെങ്കില്‍ olymipcs site:.org എന്നു നല്‍കിയാല്‍ മതി. ഇനി ഒളിംപിക്‌സിനേക്കുറിള്ള ഒരു പ്രത്യേക വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ വേണ്ടെങ്കില്‍ അതിനുമുണ്ട് വഴി. വിക്കിപ്പീഡിയയിലെ വിവരങ്ങളാണ് ഒഴിവാക്കേണ്ടതെങ്കില്‍ Olympics -site:wikipedia.org എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. ഇനി ന്യൂയോര്‍ക്ക് സൈറ്റിലെ വിവരം കൂടി ഒഴിവാക്കണമെങ്കില്‍ olympics -site:nytimes.com -site:wikipedia.org എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മതി.
- പിഡിഎഫ്, ഡോക് തുടങ്ങിയ ഫയലുകളിലുള്ള സെര്‍ച്ച് ഫലമാണ് വേണ്ടതെങ്കില്‍ കീവേഡിനു ശേഷം filetype: എന്നു ചേര്‍ത്താല്‍ മതി. olympics filetype:pdf എന്നിങ്ങനെ.
- ഒരു പ്രത്യേക വാചകം സെര്‍ച്ച് ചെയ്യുമ്പോള്‍ നമ്മള്‍ ഇടക്കുവെച്ച് ഒരു വാക്ക് വിട്ടുപോയാല്‍ അതിനു പകരം ഒരു സ്റ്റാര്‍ ചിഹ്നം ഇട്ടാല്‍ മതി. പ്രസിദ്ധ സിനിമയായ ‘കഭി കഭി’ യുടെ പാട്ടിലെ വരികളുടെ രണ്ട് വാക്കുകള്‍ വിട്ടു പോയെന്നു കരുതുക. എങ്കില്‍ “kabhi kabhi mere * main khayal * hai” വിട്ടുപോയ ഭാഗത്ത് സ്റ്റാര്‍ ഇട്ടശേഷം ഡബിള്‍ ക്വോട്ടില്‍ വേണം സെര്‍ച്ച് ചെയ്യാന്‍. ബാക്കി ഗൂഗിള്‍ കണ്ടുപിടിച്ചു തരും.
- ഒന്നല്ലെങ്കില്‍ മറ്റൊന്നിനേക്കുറിച്ചുള്ള ഫലങ്ങള്‍ തരാന്‍ വലിയക്ഷരത്തില്‍ OR ഇടക്കു ചേര്‍ത്ത് ഗൂഗിളിന് നിര്‍ദ്ദേശം നല്‍കാം. innova OR verito എന്ന് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് കൊടുത്താല്‍ ടൊയോട്ടയുടെ ഇന്നോവയേക്കുറിച്ചുള്ളതോ മഹീന്ദ്ര വെരിറ്റോയെക്കുറിച്ചുള്ളതോ ആയ ഫലങ്ങള്‍ ലഭിക്കും ഇടക്ക് OR ഇല്ലാതെയാണ് സെര്‍ച്ച് ചെയ്യുന്നതെങ്കില്‍ സാധാരണപോലെ രണ്ടു കീവേഡുകളുമുള്ള പേജുകളേ ഗൂഗിള്‍ കണ്ടെത്തൂ. OR നു പകരം ‘|’ എന്ന ചിഹ്നം ചേര്‍ത്താലും മതി. innova | verito ഇങ്ങനെ. ഒന്നിലേറെ പദങ്ങളുണ്ടെങ്കില്‍ “mahindra scorpio” OR “maruti sx4” എന്നപോലെ ക്വട്ടേഷന്‍ ഉപയോഗിക്കണം. innova | verito | maruti എന്നുമാവാം.
- ഇനി സാംസങ് ഗ്യാലക്‌സി എന്ന ഫോണിന്റെ 10000 രൂപക്കും 20000 രൂപക്കും ഇടയിലുള്ള മോഡലുകളേക്കുറിച്ചാണ് അറിയേണ്ടതെങ്കില്‍ samsung galaxy price rs 10000..20000 എന്നു സെര്‍ച്ച് ചെയ്താല്‍ മതി. അക്കങ്ങളുടെ ഇടക്ക് രണ്ട് ഡോട്ടുകളിടുമ്പോള്‍ ഇടക്ക് സ്‌പേസ് വരാതെ നോക്കണം. എല്ലാ നമ്പറുകള്‍ക്കിടയിലുമുള്ള ഫലങ്ങള്‍ ലഭിക്കാനും ഇങ്ങനെ ചെയ്താല്‍ മതി. ഇനി ആദ്യം മുതല്‍ ഒരു നിശ്ചിത സമയം വരെയുള്ള ഫലങ്ങളാണ് വേണ്ടതെങ്കില്‍ തുടക്കത്തിലെ അക്കം ചേര്‍ക്കണമെന്നില്ല. അതായത് 2000 വരെയുള്ള ലോകകപ്പ് വിജയികളേക്കുറിച്ച് അറിയുന്നതിന് world cup winners..2000 എന്ന് സെര്‍ച്ച് ചെയ്താല്‍ മതി.
യൂട്ടിലിറ്റികള്‍
വെബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യാനുള്ള സാധാരണ സെര്‍ച്ച് എന്‍ജിനായി മാത്രം ഗൂഗിളിനെ കാണരുത്. നമ്മുടെ ഏത് ചോദ്യത്തിനും ഉത്തരം തരുന്നയാളാണ് ഗൂഗിളെന്ന് പറഞ്ഞത് വെറുതേയല്ല. ഗൂഗിള്‍ ഡിക്ഷ്ണറിയും കാല്‍ക്കുലേറ്ററും കറന്‍സി കണ്‍വേട്ടറുമൊക്കെയാണ്.
ഡെഫനിഷന്‍ / ഡിക്ഷ്ണറി
അറിയാത്ത ഒരു വാക്ക് എന്താണെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് വ്യക്തമാക്കിത്തരും, ഒപ്പം അത് എങ്ങനെ ഉച്ചരിക്കണമെന്നും പറഞ്ഞു തരും. അതിന് define:sudden death എന്നു സെര്‍ച്ച് ചെയ്താല്‍ Noun:A means of deciding the winner in a tied contest, in which play continues and the winner is the first side or player to score എന്ന ഉത്തരവും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള ലിങ്കും ഒപ്പം ഇതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരങ്ങളും ലഭിക്കും. define: എന്നതിനു പകരംwhat is sudden death Ft‑¶‑m sudden death meaning എന്നോ സെര്‍ച്ച് ചെയ്താലും മതി. സെര്‍ച്ച് ബോക്‌സിനു താഴെ ഓള്‍ റിസള്‍ട്ടില്‍ നിന്നും ഡിക്ഷ്ണറി സേവനം ലഭിക്കുമെന്നു നേരത്തേ പറഞ്ഞു. ക്ലിച്ചു ചെയ്താല്‍ നേരിട്ട് ഗൂഗിളിന്റെ ഡിക്ഷ്ണറി സേവനം ലഭിക്കും. അവിടെ ക്ലിക്കു ചെയ്ത ശേഷം അര്‍ത്ഥമറിയേണ്ട വാക്ക് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മതി.
കാല്‍ക്കുലേറ്റര്‍
കണക്കുകൂട്ടാന്‍ ഗൂഗിളില്‍ +,-, *, /, എന്നീ ചിഹ്നങ്ങളുപയോഗിച്ച് സെര്‍ച്ച് കൊടുത്താല്‍ മതി. അതായത് 10*3/5+21 എന്ന് സെര്‍ച്ച് ചെയ്താല്‍ 27 എന്ന ഉത്തരം കിട്ടും. വിശദമായ കണക്കുകൂട്ടലിന് തൊട്ടു താഴെ ഒരു വെര്‍ച്വല്‍ കാല്‍ക്കുലേറ്ററും തെളിഞ്ഞവരും.
മൂവി സെര്‍ച്ച്
നമ്മുടെ അടുത്ത നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കണ്ടെത്താന്‍ ഗൂഗിളില്‍ movie എന്നു ടൈപ്പ് ചെയ്ത് സ്ഥലത്തിന്റെ പേരുകൊടുത്ത് സെര്‍ച്ച് ചെയ്താല്‍ മതി. ഉദാഹരണം movie kochi. വെറുതെ movie എന്നു മാത്രം നല്‍കിയാല്‍ സെര്‍ച്ച് ചെയ്യുന്ന സ്ഥലം ഗൂഗിള്‍ കണ്ടുപിടിച്ച് വിവരം തരും. ഒപ്പം ഗൂഗിള്‍ മാപ്പില്‍ സിനിമാശാലകളിലേക്കുള്ള വഴിയും കാണിച്ചു തരും. music kochi എന്നാണ് സെര്‍ച്ച് ചെയ്യുന്നതെങ്കില്‍ അവിടത്തെ സംഗീതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വിവരവും മാപ്പും ലഭിക്കും.
യൂണിറ്റ് കണ്‍വേട്ടര്‍
ഡോളറില്‍ നിന്ന് രൂപയാക്കി മാറ്റണമെങ്കില്‍ 12$ in INR എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. 12 US dollars = 635.0400 Indian rupese എന്ന് ഉത്തരംകിട്ടും. 12km in miles എന്നു സെര്‍ച്ച് ചെയ്താല്‍ ഒരു വെര്‍ച്വല്‍ കണ്‍വേട്ടറില്‍ 7.45645 എന്ന് ലഭിക്കും. അതുപോലെ 1.23 liter in milliliter എന്നതിന് 1230 ാ1230 milliliter തുടങ്ങി അടിസ്ഥാനയൂണിറ്റുകളെല്ലാം ഇങ്ങനെ മറ്റൊന്നിലേക്ക് മാറ്റാം.
സമയമറിയാം
ലോകത്തെ ഏത് സ്ഥലത്തേയും ഇപ്പോഴുള്ള സമയം ഗൂഗിള്‍ ഉപയോഗിച്ചറിയാം. time kozhikode എന്നു സെര്‍ച്ച് ചെയ്താല്‍ 17:35 Monday (IST) – Time in Kozhikode, Keralaഎന്ന് ഉത്തരം കിട്ടും.
സൂര്യോദയവും സൂര്യാസ്തമയവും അറിയാന്‍
sunrise kozhikode എന്ന് സെര്‍ച്ച് ചെയ്താല്‍ 6:16 Tuesday (IST) – Sunrise in Kozhikode, Kerala 12 hours 39 minutes from now എന്നും
ജനസംഖ്യയറിയാന്‍
population india എന്നു കൊടുത്താല്‍ ലോകബാങ്കിന്റെ കണക്കനുസരിച്ചുള്ള ജനസംഖ്യ ഗ്രാഫ് സഹിതം കിട്ടും. കൂടുതല്‍ വിവരങ്ങളറിയാനുള്ള ലിങ്ക് സഹിതം. നഗരങ്ങളിലെ വിവരങ്ങള്‍ക്ക് population mumbai india എന്നിങ്ങനെ സെര്‍ച്ച് ചെയ്താല്‍ മതി
വിമാന സമയമറിയാന്‍
flights from kochi to new delhi എന്നു സെര്‍ച്ച് ചെയ്താല്‍മതി. വിമാനക്കമ്പനിയുടെ പേരും ഫ്‌ളൈറ്റിന്റെ എണ്ണവും സമയപ്പട്ടികയുമടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.